എമർജൻസി ഡോർ പ്രവർത്തിച്ചില്ല; നസീറ മരിച്ചത് വെന്റിലേറ്ററിൽനിന്ന് മാറ്റിയതുകൊണ്ടെന്ന് ബന്ധുക്കൾ
Saturday, May 3, 2025 8:55 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക പടർന്നുണ്ടായ അപകടത്തിൽ ആരോപണവുമായി മരിച്ച രോഗിയുടെ ബന്ധുക്കൾ. വയനാട് സ്വദേശി നസീറ മരിച്ചത് വെന്റിലേറ്ററിൽനിന്ന് മാറ്റിയതുകൊണ്ടാണെന്ന് സഹോദരൻ യൂസഫലി ആരോപിച്ചു.
നസീറയുടെ ആരോഗ്യം മെച്ചപ്പെട്ട് വരുന്പോഴായിരുന്നു ആശുപത്രിയിലെ അപകടം. ഈ സമയത്ത് എമർജൻസി ഡോറുകൾ പ്രവർത്തിച്ചില്ല. പൂട്ടിയിട്ടിരുന്ന എമർജൻസി വാതിൽ ചവിട്ടിത്തുറന്നാണ് രോഗികളെ പുറത്തെത്തിച്ചത്. ഐസിയുവിൽനിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭിച്ചത്.
അപ്പോഴേയ്ക്കും നസീറ ഗുരുതരവാസ്ഥയിലെത്തിയെന്നും പിന്നീട് മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. അപകടസമയത്ത് സെക്യൂരിറ്റി സ്റ്റാഫുകൾ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ ആരോപിച്ചു.
അതേസമയം, കാഷ്വാലിറ്റിയിലെ പുക കാരണമല്ല രോഗികൾ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു.മരിച്ചവരിൽ രണ്ടുപേർ കാൻസർ രോഗികളും ഒരാൾ കരൾ രോഗിയുമായിരുന്നു.അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.