പുക പടർന്നുണ്ടായ അപകടം; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
Saturday, May 3, 2025 9:35 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക പടർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. രാവിലെ 11-നാണ് യോഗം. രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാനാണ് യോഗം ചേരുന്നത്.
അതിന് മുമ്പ് സാങ്കേതിക വിദഗ്ധരുടെ അടക്കം പരിശോധന നടക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും.
അപകടസമയത്ത് മരിച്ച നാല് പേരുടെ മരണത്തിന് സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും തള്ളി മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
നസീറ മരിച്ചത് വെന്റിലേറ്ററിൽനിന്ന് മാറ്റിയതുകൊണ്ടാണെന്ന് സഹോദരൻ യൂസഫലി ആരോപിച്ചു. നസീറയുടെ ആരോഗ്യം മെച്ചപ്പെട്ട് വരുന്പോഴായിരുന്നു ആശുപത്രിയിലെ അപകടം. ഈ സമയത്ത് എമർജൻസി ഡോറുകൾ പ്രവർത്തിച്ചില്ല. പൂട്ടിയിട്ടിരുന്ന എമർജൻസി വാതിൽ ചവിട്ടിത്തുറന്നാണ് രോഗികളെ പുറത്തെത്തിച്ചത്.
ഐസിയുവിൽനിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭിച്ചത്. അപ്പോഴേയ്ക്കും നസീറ ഗുരുതരവാസ്ഥയിലെത്തിയെന്നും പിന്നീട് മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.