"പിണറായി ദ ലെജൻഡ്'; മുഖ്യമന്ത്രിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു
Saturday, May 3, 2025 8:17 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ഡോക്യുമെന്ററി തയാറാക്കുന്നു. പിണറായി ദ ലെജൻഡ് എന്ന പേരിൽ 15 ലക്ഷം രൂപ മുടക്കിയാണ് ഡോക്യുമെന്ററി ഇറക്കുന്നത്.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ഇതിഹാസമായി വാഴ്ത്തി ഡോക്യുമെന്ററി എത്തുന്നത്.
നേമം സ്വദേശിയാണ് സംവിധായകൻ. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേൾപ്പിക്കാൻ തയാറാക്കിയ വാഴ്ത്ത് പാട്ട് വിവാദമായിരുന്നു. വ്യക്തിപൂജ വിവാദം വലിയ ചർച്ചയായിരിക്കുമ്പോഴായിരുന്നു പിണറായിക്കായി വാഴ്ത്ത് പാട്ടിറക്കിയത്.