ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ. ബെയ്ലിന് ദാസിന് ജാമ്യം
Monday, May 19, 2025 12:29 PM IST
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഡ്വ. ബെയ്ലിന് ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഗൗരവമുള്ള കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളിൽ നടന്ന നിസാര സംഭവത്തെ പാർവതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. എന്ത് ഉപാധികളോടെയും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിൻ ദാസ് മർദിച്ചെന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പൂജപ്പുര ജയിലിലാണ്.