ദേശീയപാതാ തകർച്ച: പ്രശ്നങ്ങൾ പരിഹരിക്കും, യുഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കുന്നു: മന്ത്രി റിയാസ്
Thursday, May 22, 2025 1:20 PM IST
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാത 66ലെ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്ന യുഡിഎഫ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതാക്കിയത് യുഡിഎഫാണ്. നിർമാണത്തിന്റെ തുടക്കത്തിലേ പദ്ധതി മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് - തൃശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കൂരിയാട് സ്വകാര്യ സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ കിഴക്കുഭാഗത്തായി അര കിലോമീറ്ററോളം റോഡ് താഴെയുള്ള സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.