മാനേജരെ മര്‍ദിച്ചെന്ന കേസ്: നടന് ഉണ്ണി മുകുന്ദന്റെ മൊഴിയെടുക്കാൻ പോലീസ്
Wednesday, May 28, 2025 11:54 AM IST
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായതായി ഇന്‍ഫോപാര്‍ക്ക് പോലീസ് പറഞ്ഞു.
നടന് ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന് തന്നെ മര്‍ദിക്കുകയും, അസഭ്യം പറയുകയും ചെയ്തതായാണ് നടന്റെ മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മര്‍ദിച്ചതായി തെളിവില്ലെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രിയാണ് വിപിന്‍ പരാതിയുമായി ഇന്‍ഫോപാര്‍ക്ക് പോലീസിനെ സമീപിച്ചത്. രാത്രി തന്നെ ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. വിപിന്‍ നല്കിയ മൊഴി പ്രകാരം ഇദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും നടന് കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തിങ്കളാഴ്ച രാവിലെ തന്റെ ഫ്ളാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തി നടന് മര്‍ദിച്ചതായാണ് വിപിന്‍ കുമാര്‍ മൊഴി നല്‍കിയിരുന്നത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നടന്
മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പരാതിക്കാരന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതി.
പരാതിക്കാരന് മുമ്പ് തന്റെയൊപ്പം ജോലി ചെയ്തിരുന്നു. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു. അതിന്റെ പ്രതികാരമാണ് ഈ പരാതി. തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ശാരീരികമായി ഉപദ്രവിച്ചുവെന്നത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഹര്‍ജിയിൽ പറയുന്നു. താനും ടോവിനോ തോമസും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് വിപിന്‍ ശ്രമിച്ചതെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
പരാതി ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിക്കും
ഉണ്ണി മുകുന്ദനുമായി സംസാരിച്ചു, വിശദാംശങ്ങള്‍ പരിശോധിച്ചു കൂടുതല്‍ പ്രതികരിക്കാമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. പരാതി ഫെഫ്ക പരിശോധിച്ച് നടപടിയെടുക്കും.
ഇതിനായി സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. പരാതിക്കാരന് ഫെഫ്കയിലെ അംഗമാണ്. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.