അന്‍വര്‍ വിലപേശലുമായി വരുന്നത് നല്ല ലക്ഷണമല്ല: വി.എം.സുധീരന്
Wednesday, May 28, 2025 1:54 PM IST
തിരുവനന്തപുരം: വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള പി.വി.അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. തെരഞ്ഞെടുപ്പ് രംഗത്ത് അന്‍വര്‍ വിലപേശലുമായി വരുന്നത് ആരോഗ്യകരമായ നല്ല ലക്ഷണമല്ല. ആ തിരിച്ചറിവ് അന്‍വറിന് ഉണ്ടാകട്ടെയെന്നാണ് പ്രതീക്ഷയെന്നും സുധീരന് പ്രതികരിച്ചു.
യുഡിഎഫിനെതിരേ കടുത്ത വിമർശനവുമായാണ് പി.വി. അൻവര്‍ ഇന്ന് രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇന്ന് മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവര്‍ തുറന്നടിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവര്‍ ഇരുവരുമാണ്. എന്നാല്‍ വി.ഡി. സതീശന് അടക്കം മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും അന്‍വര്‍ പറഞ്ഞിരുന്നു.