റെഡ് അലർട്ട്; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
Wednesday, May 28, 2025 6:23 PM IST
കാസർകോട്: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലുമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്.
കാസർകോട് ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മെയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചു.