വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയെ കുറ്റം പറയുന്നതെന്തിനെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Sunday, June 8, 2025 11:07 AM IST
മലപ്പുറം: പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. കെഎസ്ഇബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി ലൈൻ വലിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി നടത്തിയ നിയമ ലംഘനത്തിൽ കെഎസ്ഇബിയേയും സർക്കാരിനേയും കുറ്റം പറയുന്നതെന്തിനാണെന്ന് മന്ത്രി ചോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റൊ എംഎൽഎയോ ഇത്തരത്തിൽ അനധികൃതമായി ലൈൻ വലിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. പരാതി ലഭിച്ചിട്ടും കെഎസ്ഇബി. ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിയമലംഘനത്തിനെതിരെ ഒരക്ഷരം പറയാതെ സർക്കാർ വിരുദ്ധവികാരം ഉണ്ടാക്കാൻ പ്രസ്താവനകളുമായി ഇറങ്ങുന്ന പ്രവണത തള്ളിക്കളയണം. ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.