പാഠം ഒന്ന്: ജീവനാണ് മറക്കരുത്
Sunday, July 27, 2025 12:44 AM IST
ന്യൂഡൽഹി: വിദ്യാർഥികളിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ആത്മഹത്യകളും തടയുന്നതിനായി സുപ്രീംകോടതി രാജ്യവ്യാപകമായി നടപ്പിലാക്കേണ്ട മാർഗരേഖ പുറപ്പെടുവിച്ചു.
രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളജുകളിലും കോച്ചിംഗ് സെന്ററുകളിലും സർവകലാശാലകളിലും ട്രെയിനിംഗ് അക്കാഡമികളിലും ഹോസ്റ്റലുകളിലും നടപ്പിലാക്കേണ്ട 15 ഇന മാർഗരേഖയാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചത്.
വിശാഖപട്ടണത്തിൽ 17 വയസുള്ള ഒരു വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
അക്കാഡമിക, പരീക്ഷാ സമ്മർദം മൂലവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പിന്തുണയില്ലായ്മ മൂലവും നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഭരണഘടനയിലെ അനുച്ഛേദം 32 പ്രകാരമുള്ള കോടതിയുടെ അധികാരങ്ങൾ ഉപയോഗിച്ചാണ് മാർഗരേഖ. സംസ്ഥാന നിയമസഭകളോ പാർലമെന്റോ ആവശ്യമായ നിയമനിർമാണം നടത്തുന്നതുവരെ ഈ നിർദേശങ്ങൾ അനുച്ഛേദം 141നു കീഴിൽ നിയമപരമായി ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രധാന നിർദേശങ്ങൾ
►കേന്ദ്ര സർക്കാർ വിദ്യാർഥി ആത്മഹത്യ തടയുന്നതിനായി പുറത്തുവിട്ടിട്ടുള്ള യുഎംഎംഇഇഡിയുടെ (മനസിലാക്കുക, പ്രചോദിപ്പിക്കുക, കൈകാര്യം ചെയ്യുക, സഹാനുഭൂതി പ്രകടിപ്പിക്കുക, ശക്തീകരിക്കുക, വികസിപ്പിക്കുക-ഉമ്മീദ്) കരട് മാർഗരേഖകൾ, മണ്ഡോദർപ്പൻ സംരംഭം, ദേശീയ ആത്മഹത്യാ തന്ത്രം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഏകീകൃത മാനസികാരോഗ്യനയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പാക്കണം.
►നൂറ് വിദ്യാർഥികളിൽ കൂടുതലുള്ള സ്ഥാപനങ്ങൾ പരിശീലനം ലഭിച്ച കൗണ്സിലർമാരെയോ സൈക്കോളജിസ്റ്റുകളെയോ നിയമിക്കണം. ചെറിയ സ്ഥാപനങ്ങൾ പുറത്തുനിന്നുള്ള മാനസികാരോഗ്യ വിദഗ്ധരുമായി ഔപചാരിക റഫറൽ ബന്ധം നിലനിർത്തണം.
►പരീക്ഷാ സീസണുകളിലും അക്കാദമിക പരിവർത്തന സമയങ്ങളിലും മെന്റർമാരെയോ കൗണ്സിലർമാരെയോ നിയോഗിക്കണം.
►അക്കാദമിക പ്രവർത്തനത്തിന്റെയോ അപ്രായോഗിക ലക്ഷ്യങ്ങളുടെയോ പേരിൽ വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേർതിരിക്കാൻ പാടില്ല.
►ആത്മഹത്യകളിൽനിന്ന് രക്ഷ നൽകുന്ന ഹെൽപ് ലൈൻ നന്പറുകൾ ഹോസ്റ്റലുകളിലും ക്ലാസ്റൂമുകളിലും പൊതുമുറികളിലും പ്രദർശിപ്പിക്കണം.
►റസിഡൻഷ്യൽ കാമ്പസുകൾ ആത്മഹത്യാ പ്രതിരോധത്തിലൂന്നിയ അടിസ്ഥാന സൗകര്യം സ്വീകരിക്കണം. കൃത്രിമമായി മാറ്റം വരുത്താൻ കഴിയാത്ത സീലിംഗ് ഫാനുകൾ, മേൽക്കൂരയിലേക്കുള്ള പ്രവേശനത്തിനു നിരോധനം എന്നിവ ഇതിലുൾപ്പെടുന്നു
►അധ്യാപക, അനധ്യാപക സ്റ്റാഫ് വർഷത്തിൽ രണ്ടു തവണ നിർബന്ധിത മാനസികാരോഗ്യ, ആത്മഹത്യാ തടയൽ പരിശീലനത്തിനു വിധേയരാകണം.
►പീഡനം, ഭീഷണിപ്പെടുത്തൽ, റാഗിംഗ്, വിവേചനം എന്നിവ കൈകാര്യം ചെയ്യുന്നതിനു സ്ഥാപനങ്ങൾക്ക് രഹസ്യസംവിധാനങ്ങൾ അത്യാവശ്യമാണ്.
►വിദ്യാർഥികളുടെ സംരക്ഷണവും പരാതിപരിഹാര പ്രോട്ടോക്കോളും ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് മാസത്തിനുള്ളിൽ സ്വകാര്യ കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം.