കരുവാരകുണ്ട് ടൗണിനു സമീപം കാട്ടാനകൾ നടുറോഡിൽ; വാഹനങ്ങൾ തകർത്തു
Sunday, July 27, 2025 12:44 AM IST
കരുവാരകുണ്ട് (മലപ്പുറം): നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തി നടുറോഡിൽ കാട്ടാനകളുടെ പരാക്രമം. മലയോരമേഖലയായ കരുവാരകുണ്ട് ടൗണിനു സമീപം സംസ്ഥാന പാതയിൽ ഇരിങ്ങാട്ടിരിയിലാണ് കാട്ടാനകൾ ഇന്നലെ ഭീതിയുയർത്തിയത്. റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം വാഹനങ്ങൾ തകർക്കുകയും ജനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
പാൽ വിതരണം നടത്തിയിരുന്ന വാനും മറ്റൊരു കാറുമാണു കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നത്. കരുവാരകുണ്ട് കിഴക്കേത്തല നാഗത്താൻകുന്ന് സുജിത്ത് ബേബിയുടെ പാൽവിതരണ വാഹനമാണു കാട്ടാനകൾ തകർത്തത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിച്ച് റോഡിലിറങ്ങിയത്.
പുലർച്ചെ പഞ്ചായത്തിലെ പായിപ്പുല്ല് ഭാഗത്ത് മദ്രസയോടു ചേർന്ന് ആനയുടെ കാൽപ്പാടുകൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു മുതിർന്നവരെ അറിയിച്ചതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ഏതാനും മണിക്കൂറിനു ശേഷമാണ് തുവൂർ ഭാഗത്തുനിന്ന് കാട്ടാനങ്ങൾ ഇരിങ്ങാട്ടിരി ഭാഗത്തേക്കെത്തിയത്. സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ആനകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആനകളെ തിരിച്ച് കാട്ടിൽ കയറ്റുന്നതിനു സ്ഥലത്തെത്തിയ പോലീസും വനം വകുപ്പധികൃതരും നാട്ടുകാരും കിണഞ്ഞ് പരിശ്രമിച്ചു. ഇതിനിടയിലാണ് ആനക്കൂട്ടം വാഹനങ്ങൾ തകർക്കുകയും ജനങ്ങൾക്കു നേരേ പാഞ്ഞടുക്കുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ ജനം ചിതറിയോടി.
ആനക്കൂട്ടം തിരികെ കാട്ടിൽ പോകുന്നതിനിടെ പ്രദേശത്തെ വീടുകളുടെ മേൽക്കൂര, ശൗചാലയം എന്നിവ തകർക്കുകയും ചെയ്തു. തിരികെ ഓടുന്നതിനിടെ ആനക്കൂട്ടത്തിലെ ഒരാന സമീപപ്രദേശത്തെ കിണറ്റിൽ വീഴുകയും ചെയ്തു. നടുത്തൊടിക ബാപ്പൂട്ടിയുടെ കിണറ്റിലാണ് ആന വീണത്. കിണറിന് ആഴവും വ്യാസവും കുറവായതിനാൽ ആന സ്വയം കിണറിന്റെ കരയിടിച്ച് രക്ഷപ്പെട്ടു. കിണർ നശിച്ച നിലയിലാണ്. ആനയെ തിരികെ കാട്ടിൽ കയറ്റുന്നതിനിടെ വീണ് വനംവകുപ്പ് ജീവനക്കാരനു നിസാര പരിക്കേറ്റു.
നാട്ടുകാരനായ ആലത്തൂർ അയമുട്ടിയുടെ കൃഷിയിടത്തിലും കാട്ടാനക്കൂട്ടം നാശം വിതച്ചു. കൊറ്റംകോടൻ പാത്തുമ്മയുടെ വീടിന്റെ മേൽക്കൂരയും കാട്ടാനകൾ തകർത്തു. നാലുവർഷം മുന്പ് ഇരിങ്ങാട്ടിരി സംസ്ഥാന പാതയിൽ ആനകൾ പരാക്രമം കാണിച്ചിരുന്നു.
സൈലന്റ്വാലി ബഫർ സോണിനോട് ചേർന്ന് കിടക്കുന്ന പറയൻമേട് ഭാഗത്തുനിന്നാണു പ്രദേശത്തേക്ക് ആനകൾ വരുന്നത്. ആനകൾ കൂട്ടമായെത്തി പ്രദേശത്ത് കൃഷി നശിപ്പിക്കുക പതിവാണ്.
എന്നാൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തകർക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നത് രണ്ടാം തവണയാണ്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ കാര്യക്ഷമമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പ്രദേശത്ത് അടുത്തിടെയായി മൂന്നു ജീവനാണ് നഷ്ടപ്പെട്ടത്.
വൻതോതിലുള്ള കൃഷിനാശത്തിനു പുറമേ ആൾനാശവും സംഭവിച്ചിട്ടും വനം വകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സൗരോർജ വേലി, കിടങ്ങ് നിർമാണം, പ്രകൃതിദത്ത വേലികൾ തുടങ്ങിയവ നിർമിച്ച് ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.