യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
Wednesday, June 18, 2025 3:06 PM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഡെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ കുടുങ്ങി. സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന് കുടുങ്ങിക്കിടക്കുന്നത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കുടുങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ച എട്ടരയോടുകൂടിയാണ് താൻ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹസന് ഖാന്റെ സാറ്റലൈറ്റ് ഫോൺകോള്‍ എത്തിയത്. തുടര്‍ന്ന് സന്ദേശവുമെത്തി. തമിഴ്നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസന് ഖാന് ദെനാലിയിലേക്ക് പോയത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം ഈ പര്‍വതം കയറുന്നത്.
പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസറാണ്. 2022ൽ എവറസ്റ്റ് കീഴടക്കിയിരുന്നു. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ പർവതങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്.