സിപിഎം നേതാവിന്റെ കുടിയൊഴിപ്പിക്കൽ; നാലംഗ കുടുംബം താമസിക്കുന്ന വീട് പൂട്ടി കൊടികുത്തി
Thursday, July 17, 2025 10:54 PM IST
ആലപ്പുഴ: സിപിഎം നേതാവിന്റെ നേതൃത്വത്തിൽ നാലംഗ കുടുംബം താമസിക്കുന്ന വീട് പൂട്ടി കൊടികുത്തിയതായി പരാതി. നൂറനാട് ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദും ഭാര്യ റജൂലയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്ന വീടാണ് പൂട്ടിയത്.
സിപിഎം പാലമേൽ എൽസി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ നൂറനാട് പോലീസിൽ കുടുംബം പരാതി നൽകി. പോലീസുകാർ സ്ഥലത്തെത്തി വീട് തുറന്ന് കൊടുത്തു. മൂന്ന് ദിവസം മുൻപാണ് കുടുംബം ഈ വീട്ടിലേക്ക് താമസിക്കാൻ എത്തിയത്.
മക്കളുമായി ദമ്പതികൾ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് വീട് പൂട്ടി കൊടി കുത്തിയതായി കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 2006ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തത് തങ്ങൾ തടഞ്ഞതാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു.