വിദ്യാർഥി മരിച്ച സംഭവത്തിൽ ഉത്തരം പറയേണ്ടത് ഡിഇഒ: സുരേഷ് ഗോപി
Thursday, July 17, 2025 11:33 PM IST
കൊച്ചി: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംഭവം ദൗർഭാഗ്യകരമാണ്.
വിഷയത്തില്‍ രാഷ്ട്രീയം കാണരുത്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം. സംഭവത്തില്‍ ഡിഇഒയാണ് ഉത്തരം പറയേണ്ടത്. സ്കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ തയാറാകണം.
അതിന് പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ (13)ഷോക്കേറ്റ് മരിച്ചത്.
സ്കൂൾ കെട്ടിടത്തിനു സമീപത്തെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.