ബിഹാറിൽ മാസം 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്കുമെന്നു നിതീഷ്കുമാർ
Friday, July 18, 2025 4:30 AM IST
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ 1.67 കോടി ഗാർഹിക ഉപയോക്താക്കൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ 125 യൂണിറ്റ് വരെ സൗജന്യമായി ലഭിക്കുമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ജൂലൈയിലെ ബില്ലിലും 125 യൂണിറ്റിന് ചാർജ് ഈടാക്കുകയില്ല. 200 യൂണിറ്റ് സൗജന്യമായി നൽകുമെന്ന് നേരത്തേ ആർജെഡി നേതാവും നിതീഷിന്റെ എതിരാളിയുമായ തേജസ്വി യാദവ് അവകാശപ്പെട്ടിരുന്നു.
കൂടാതെ, അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് 10,000 മെഗാവാട്ട് സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുമെന്നും സോളാർ പാനലുകൾ പൊതുസ്ഥലങ്ങളിലും പാവപ്പെട്ടവരുടെ അനുവാദത്തോടെ അവരുടെ വീടുകളുടെ മുകളിലും സ്ഥാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.