വയനാട് പുനരധിവാസം: ലീഗും യൂത്ത് കോണ്‍ഗ്രസും ഫണ്ട് കൈമാറിയിട്ടില്ലെന്ന് ഗോവിന്ദൻ
Friday, July 18, 2025 5:53 AM IST
തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കയം പുനരധിവാസത്തിനായി മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും പിരിച്ച തുക സംസ്ഥാന സർക്കാരിനു കൈമാറിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതു കൈയിട്ടുവാരാനാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ചു കണക്കൊന്നും അവർ പുറത്തുവിട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളിൽ സംഘപരിവാർ ഇടപെടൽ വർധിക്കുകയാണ്. ജ്ഞാനസഭ എന്ന പേരിൽ ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ യുഡിഎഫ് സംഘപരിവാറിനെ സഹായിക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിൽ കലാപ അന്തരീക്ഷം നിലനിൽക്കുകയാണ്. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ശശിതരൂർ മോദി സ്തുതി പാടി നടക്കുകയാണ്. കോണ്‍ഗ്രസിന് അദേഹത്തെ തിരുത്താൻ കഴിയുന്നില്ല. പ്രതിസന്ധികളൊന്നും കൈകാര്യം ചെയ്യാൻ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.