കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Monday, July 21, 2025 1:30 AM IST
കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്.
നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാസിൽ അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
ബന്ധുക്കൾക്കൊപ്പം മാമ്പുഴയിലെ കീഴ്മാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസിൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ തെരച്ചിൽ നടത്തിയെങ്കിലും നാസിലിനെ കണ്ടെത്താനായില്ല. ഇവരുടെ നിലവിളി കടവിലേക്ക് ഓടിയെത്തിയ പരിസരവാസിയായ ഒരാൾ പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തി.
ഇദ്ദേഹം നാസിലിനെ കണ്ടെത്തി കരക്കെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർഥിയാണ് മരിച്ച നാസിൽ.