അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ഷാർജ പോലീസിൽ പരാതി നൽകും
Monday, July 21, 2025 6:21 AM IST
ഷാർജ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ഭര്‍ത്താവിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പോലീസ് തീരുമാനിച്ചു. ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.
അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 19-ാം തീയതിയാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം അതുല്യയുടെ മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ നാട്ടിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി.