തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
Tuesday, July 22, 2025 7:53 PM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സമ്മറിറിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്കു ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.
2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറിറിവിഷൻ നടത്തിയിരുന്നു. 2024 ജൂലൈയിൽ പുതുക്കിയ കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേർക്കുകയും അനർഹരായ 4,52,951 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
2024 ജൂലൈയിൽ പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ആകെ 2,66,72,979 വോട്ടർമാരാണുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
ഓഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.