വിലാപയാത്ര കഴക്കൂട്ടത്ത്; ഹൃദയാഞ്ജലിയുമായി ആയിരങ്ങൾ
Tuesday, July 22, 2025 8:12 PM IST
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കഴക്കൂട്ടത്തെത്തി. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് വി.എസിനെ അവസാന നോക്കു കാണാൻ എത്തിയത്.
ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വി.എസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര അഞ്ചര മണിക്കൂർ പിന്നിടുമ്പോഴും തിരുവനന്തപുരം വിട്ടിട്ടില്ല. ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്.
വിലാപയാത്ര മൂന്നിന് കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിടെയെത്തിയപ്പോൾ. ആൾത്തിരക്കു മൂലം വിലാപയാത്ര ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.