ബാറ്റിംഗ് വെടിക്കെട്ടുമായി ഇൻഗ്ലിസും ഗ്രീനും; വിൻഡീസിനെ തകർത്ത് ഓസീസ്
Wednesday, July 23, 2025 9:46 AM IST
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം എട്ടുവിക്കറ്റുകളും 28 പന്തും ബാക്കിനില്ക്കെ സന്ദർശകർ മറികടന്നു.
വെടിക്കെട്ട് അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ജോഷ് ഇൻഗ്ലിസും കാമറൂൺ ഗ്രീനുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 33 പന്തിൽ അഞ്ചു സിക്സറും ഏഴു ബൗണ്ടറികളുമുൾപ്പെടെ 78 റൺസ് അടിച്ചുകൂട്ടിയ ജോഷ് ഇൻഗ്ലിസ് ആണ് ടോപ് സ്കോറർ. അതേസമയം, കാമറൂൺ ഗ്രീൻ 32 പന്തിൽ നാലു സിക്സറുകളും മൂന്നു ബൗണ്ടറികളും ഉൾപ്പെടെ 56 റൺസെടുത്തു.
ക്യാപ്റ്റൻ മിച്ചൽ മാർഷ് (21), ഗ്ലെൻ മാക്സ്വെൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വിൻഡീസിനു വേണ്ടി ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ജമൈക്കയിലെ കിംഗ്സ്റ്റൺ സബീന പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്.
അർധ സെഞ്ചുറി നേടിയ ബ്രണ്ടൻ കിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആന്ദ്രെ റസലിന്റെയും മികവിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ബ്രണ്ടൻ കിംഗ് 51 റൺസാണ് എടുത്തത്. റസൽ 36 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. നതാൻ എല്ലിസും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതവും ബെൻ ഡ്വാർഷ്യസ് ഒരു വിക്കറ്റും വീഴ്ത്തി.