വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും പാടുകളും; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി
Wednesday, July 23, 2025 2:41 PM IST
തിരുവനന്തപുരം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും ഉള്ളതായി പോലീസ്. ഇൻക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു.
തിരുവനന്തപുരം ആർഡിയുടെ പ്രത്യേക നിർദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ
സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. അതേസമയം വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.
ചൊവ്വാഴ്ച രാത്രി 11:30 യോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
കൊല്ലത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയാകും സംസ്കാരം.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും ഒന്നര വയസുകാരിയായ മകളേയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്.