ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷ ബഹളം; ലോക്സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചു
Thursday, July 24, 2025 11:50 AM IST
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിലെ നാലാം ദിനവും ലോക്സഭ പ്രക്ഷുബ്ദം. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന തരത്തിൽ പ്രതിപക്ഷം ബഹളം തുടർന്നതോടെയാണ് സഭാനടപടികൾ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചത്.
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം 98 ശതമാനവും പൂര്‍ത്തിയാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് മരിച്ചുപോയവരുടെയും സംസ്ഥാനത്തുനിന്ന് പോയവരുടെയും പേരുകള്‍ ഒഴിവാക്കിയെന്നും കമ്മീഷന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന്റെ മറവില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പ്രതിപക്ഷത്തിന്റെ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയുന്നു എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നടപടി റദ്ദ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാവിലെ പാര്‍ലമെന്റിന്റെ പുറത്തും പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.