റെസലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു
Thursday, July 24, 2025 10:18 PM IST
ഫ്ളോറിഡ: റെസലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ ( ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹൾക്കിനെ മരിച്ച നിലയിൽ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.
ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹൾക്ക് ഹോഗൻ. 1953 ഓഗസ്റ്റ് 11 ന് ജോർജിയയിലെ അഗസ്റ്റയിലാണ് ജനനം. ഡബ്യുഡബ്യുഇയെ മുഖ്യധാരായിലേയ്ക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ഹൾക്ക്.
1970 കളുടെ അവസാനത്തിലാണ് അദ്ദേഹം റെസലിംഗ് ജീവിതം ആരംഭിച്ചത്. എന്നാൽ 1983ൽ വിൻസ് മക്മഹോണിന്റെ വേൾഡ് റെസ്ലിംഗ് ഫെഡറേഷനിൽ (ഡബ്ല്യുഡബ്ല്യുഎഫ്) ചേർന്നതോടെ അദ്ദേഹത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടായി.
1984-ൽ, മാഡിസൺ സ്ക്വയർ ഗാർഡനിൽ വച്ച് ദി അയൺ ഷെയ്ക്കിനെ പരാജയപ്പെടുത്തി ഹൊഗാൻ തന്റെ ആദ്യത്തെ ഡബ്യുഡബ്യുഎഫ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. പിന്നീട് അദ്ദേഹത്തിന്റെ മത്സരങ്ങൾക്കായി ആരാധകർ കാത്തിരുന്നു. 1985ൽ റെസൽമാനിയ ആരംഭിക്കുന്നതിലും ഹൾക്ക് ഹോഗൻ പ്രധാനപങ്കുവഹിച്ചു.
1983ലായിരുന്നു ആദ്യ വിവാഹം. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ൽ ലിൻഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ഹോഗൻ വീണ്ടും വിവാഹിതനായി. സ്കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്തത്.