പെറ്റിക്കേസ് പിഴ സ്വന്തം പോക്കറ്റില്‍; 16.76 ലക്ഷം രൂപ തട്ടിയെടുത്ത പോലീസുകാരിക്ക് സസ്പെന്ഷന്
Thursday, July 24, 2025 10:31 PM IST
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് റൂറല്‍ എസ്പി എം. ഹേമലത സസ്പെന്‍ഡ് ചെയ്തത്.
ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.
നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ ടി. സിദ്ദിഖിനോട് ജില്ല പോലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു.
തുടര്‍ന്ന് ജൂലായ് 21ന് എസ്ഐ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തു. തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
ഡിഐജി ഓഫീസില്‍നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ശാന്തി കൃഷ്ണന് സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും.
ഇ പോസ് മെഷീന് വരുന്നതിനു മുമ്പ് ട്രാഫിക് കേസുകളില്‍ ഈടാക്കുന്ന പിഴ അതാത് ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ റൈറ്ററെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ തുകയുടെ കണക്കുകള്‍ പോലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേര്‍ത്ത ശേഷം ചെലാനെഴുതി ബാങ്കില്‍ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്.
രസീതുകളിലും രജിസ്റ്ററുകളിലും യഥാര്‍ഥ തുകയെഴുതുകയും ചെലാനില്‍ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കില്‍ അടയ്ക്കുകയും ചെയ്ത ഇവര്‍ പണമടച്ചശേഷം ബാങ്ക് രസീതില്‍ ബാക്കി ഭാഗം എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
പലപ്പോഴും ഇരട്ട അക്കങ്ങള്‍ വരുന്ന ഘട്ടത്തില്‍ ആദ്യ അക്കം ഒഴിവാക്കി ബാങ്കില്‍ അടയ്ക്കും. അടച്ച ശേഷം അക്കം എഴുതിച്ചേര്‍ക്കും. പല തവണയായാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയിരിക്കുന്നത്.