ശബരി എക്സ്പ്രസ് ട്രെയിൻ ഇനി തിരുവനന്തപുരം ഡിവിഷനു സ്വന്തം
എസ്.ആർ. സുധീർ കുമാർ
Thursday, July 24, 2025 10:38 PM IST
കൊല്ലം: സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയി ഉയർത്തുന്നതോടെ സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇനി തിരുവനന്തപുരം ഡിവിഷന് സ്വന്തമാകും. നിലവിൽ ശബരി എക്സ്പ്രസ് സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്ദരാബാദ് ഡിവിഷന് കീഴിലായിരുന്നു.
ശബരി എക്സ്പ്രസ് (17229/17230) സൂപ്പർഫാസ്റ്റ് ആക്കി മാറ്റുന്നതിനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് കഴിഞ്ഞ ദിവസം അംഗീകരിച്ചു. സെപ്റ്റംബര്‍ 29 മുതലാണ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആയി സര്‍വീസ് ആരംഭിക്കുക.
സൂപ്പര്‍ഫാസ്റ്റ് ആകുന്നതോടെ ട്രെയിന്‍ നമ്പറിലും മാറ്റംവന്നിട്ടുണ്ട്. 20630, 20629 എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ നമ്പര്‍. ശബരിയുടെ അറ്റകുറ്റപ്പണികൾ ഇനി തിരുവനന്തപുരത്താണ് നടക്കുക. ഇതോടെയാണ് ശബരി തിരുവനന്തപുരം ഡിവിഷന് കീഴിലാകുന്നത്. നിലവിൽ മെയിന്റനൻസ് സെക്കന്ദരാബാദ് ഡിവിഷനിലാണ് നടന്നുവരുന്നത്.
സൂപ്പര്‍ ഫാസ്റ്റാകുന്നതോടെ ശബരി വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയത്തിലും മാറ്റംവരും. പുലർച്ചെ 6.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ് പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് സെക്കന്ദരാബാദ് ജംഗ്ഷനിലെത്തുന്ന രീതിയിലാണ് നിലവിലെ സമയക്രമം.
എന്നാല്‍, സെപ്റ്റംബര്‍ 29 മുതലുള്ള പുതിയ സമയക്രമമനുസരിച്ച് ട്രെയിന്‍ രാവിലെ 11-ന് സെക്കന്ദരാബാദിലെത്തും. നിലവില്‍ ഉച്ചയ്ക്ക് 12.20-ന് സെക്കന്ദരാബാദില്‍നിന്ന് പുറപ്പെടുന്നതിന് പകരം സെപ്റ്റംബര്‍ 29 മുതല്‍ ഉച്ചകഴിഞ്ഞ് 2.45-നാകും യാത്രതിരിക്കുക. പിറ്റേദിവസം വൈകുന്നേരം 6.20-ന് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഷനിൽ എത്തും.
ശബരി എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റാകുന്നതോടെ മറ്റുചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ ജോലാര്‍പേട്ടയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള സമയക്രമമാണ് പുതുക്കിയത്. മംഗളൂരു സെന്‍ട്രല്‍-താംബരം എക്സ്പ്രസിന്റെ പാലക്കാടിനും ഈറോഡിനും ഇടയിലുള്ള സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ടാകും.
സെപ്റ്റംബര്‍ 29 മുതല്‍ ഈ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവില്‍വരും. 16345 ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന്റെ ആലുവയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സമയക്രമത്തില്‍ ഒക്ടോബര്‍ 21 മുതലും മാറ്റമുണ്ട്.
ശബരി സൂപ്പർ ഫാസ്റ്റ് ആകുന്നതോടെ ടിക്കറ്റ് നിരക്കിലും കാര്യമായ വർധന ഉണ്ടാകും. മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 45 രൂപയായി ഉയരും. ആനുപാതികമായി എല്ലാ ക്ലാസുകളിലെയും നിരക്കുകളും കൂടും.