യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ കേസ്
Thursday, July 24, 2025 10:42 PM IST
പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്.
വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യൻ((25) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രദീപിനെതിരെ ആലത്തൂർ പോലീസാണ് കേസെടുത്തത്.
നേരത്തെ, അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ, മരണത്തിൽ പ്രദീപിന് പങ്കുണ്ടെന്ന് ആരോപിച്ച് നേഘയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹവുമായി ഇവർ ആശുപത്രിയിലെത്തിയതോടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
യുവതി തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പോലീസ് അറിയിച്ചു.