ജയിൽ ചാടാൻ 20 ദിവസത്തെ ആസൂത്രണം; മൂന്നര മണിക്കൂറിനകം പിടികൂടിയെന്ന് പോലീസ്
Friday, July 25, 2025 12:15 PM IST
കണ്ണൂര്‍: ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുമ്പോള്‍ കൈവശം ചെറിയ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. ഏത് രീതിയിലാണ് ആയുധങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാരൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
ആറരയോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിച്ചത്. ആ സമയം മുതല്‍ ജാഗ്രതയോടെ പോലീസ് പ്രവർത്തിച്ചു. മൂന്നര മണിക്കൂറിനകം പ്രതിയെ പിടികൂടി.
ജയിൽ ചാടാനായുള്ള തയാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 20 ദിവസങ്ങളോളം ഇതിനായി തയാറെടുപ്പ് നടത്തിയിരുന്നു. ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കും.
പലകോണിൽ നിന്നും നാട്ടുകാരടക്കം വിവരം നൽകിയിരുന്നു.ഇതെല്ലാം പൊലീസ് പരിശോധിച്ചിരുന്നു. ഗോവിന്ദച്ചാമിയെക്കുറിച്ച് കൃത്യമായ വിവരം തന്നെ മൂന്ന് നാല് പേരുണ്ട്.അവരെയും പോലീസ് അഭിനന്ദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.