നെന്മാറ സൗരോർജനിലയം ഉദ്ഘാടനം ശനിയാഴ്ച
Friday, July 25, 2025 4:44 PM IST
നെന്മാറ: 1.5 മെഗാവാട്ട് ശേഷിയുള്ള നെന്മാറയിലെ സൗരോർജ വൈദ്യുതി ഉത്പാദനനിലയം ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കിസാൻ ഊർജസുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (പിഎംകുസും) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
നെന്മാറ 110 കെവി സബ്സ്റ്റേഷൻ പരിസരത്ത് കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്താണ് സൗരോർജ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. പ്രവർത്തനോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.
കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ. രാധാകൃഷ്ണൻ എംപി, നെന്മാറ എംഎൽഎ കെ. ബാബു എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ മിർ മുഹമ്മദ് അലി, സൗരവൈദ്യുതി ഡയറക്ടർ ജി. സജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി എന്നിവർ പങ്കെടുക്കും.