എറണാകുളം, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
Friday, July 25, 2025 10:06 PM IST
കൊച്ചി: മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ കോട്ടയം ജില്ലയിലും കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
മഴ തുടരുന്നതിനാല്‍ കുട്ടികൾ വീടുകളിൽ തന്നെ തുടരണമെന്നും ജലാശയങ്ങളിലും മറ്റ് കളിക്കുന്നതിനായി പോകരുതെന്നും പ്രത്യേക നിര്‍ദേശങ്ങൾ അധികൃതര്‍ നൽകിയിട്ടുണ്ട്.
എറണാകുളം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട
കനത്ത മഴയുടെ സാഹചര്യത്തിൽ അങ്കണവാടികൾ, സ്കൂളുകൾ, പ്രഫഷണല്‍ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.