ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മുൻ ജീവനക്കാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി
Friday, July 25, 2025 11:38 PM IST
കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതികളായ മുൻ ജീവനക്കാർ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
നേരത്തെ വിനീത, രാധു, കേസിൽ പ്രതി ചേർത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിനീതയും രാധുവും ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുൻ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം വാങ്ങാൻ ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി.