വാഹനപരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽനിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല, തിരച്ചിലിന് ഡ്രോണും
Saturday, July 26, 2025 10:05 AM IST
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ ഇതുവരെയും കണ്ടെത്താനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ഒൻപതാം വളവിന് മുകളിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.
ഷഫീഖിനെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പോലീസും പരിശോധന നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന നടക്കുന്നുണ്ട്.
ഷഫീഖിന്റെ കാറിൽ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തിരുന്നു. തന്റെ ബന്ധുവിന്റെ കാറുമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
മുൻപും എംഡിഎംഎ കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ.