കണ്ണൂരിൽ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
Thursday, July 31, 2025 9:40 AM IST
കണ്ണൂർ: തലശേരി പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് കണ്ടക്ടര്‍ക്ക് ക്രൂരമര്ദനമേറ്റസംഭവത്തില് ഒരാള്‍ അറസ്റ്റില്‍. വളയം സ്വദേശി സൂരജാണ് പിടിയിലായത്.
തൊട്ടിൽപ്പാലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ജഗന്നാഥ് ബസ്സിലെ കണ്ടക്ടർ തൂണേരി സ്വദേശി വിഷ്ണുജിത്തിന്(27)ആണ് പെരിങ്ങത്തൂർ ടൗണിൽവെച്ച് മർദനമേറ്റത്. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. യാത്രാമദ്ധ്യേ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചിരുന്നു അക്രമം. വിശ്വജിത്തും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.