മലേഗാവ് സ്ഫോടനക്കേസ്; ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു
Thursday, July 31, 2025 11:59 AM IST
മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രഗ്യാസിംഗ് താക്കൂർ അടക്കം ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
2008 സെപ്റ്റംബർ 29നാണ് മാലേഗാവിലെ ഭിക്കു ചൗക്കിൽ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകളാണ് പരിശോധിച്ചത്.