കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
Friday, August 1, 2025 12:39 AM IST
ലണ്ടൻ: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ പൊരുതുന്നു. മഴ തടസപ്പെടുത്തിയ കളിയിൽ 204 റണ്‍സിനിടെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. കരുണ്‍ നായരുടെ അർധ സെഞ്ചുറി പ്രകടനം മാത്രമാണ് ആദ്യദിനം ഇന്ത്യയ്ക്ക് ആശ്വാസമായത്.
നാലാം ഓവറിന്റെ ആദ്യ പന്തിൽ ഓപ്പണർ യശസ്വി ജയ്സ് വാൾ (2) വിക്കറ്റിനു മുന്നിൽ കുടുങ്ങി. സ്കോർ 38ൽ നിൽക്കുന്പോൾ കെ.എൽ. രാഹുൽ (14) ബൗൾഡ്. സായ് സുദർശനും ശുഭ്മാൻ ഗില്ലും പതുക്കെ സ്കോർബോർഡ് ചലിപ്പിക്കുന്നതിനിടെ മഴയെത്തി. 23 ഓവറിൽ 72/2 എന്ന നിലയിൽ മത്സരം നിർത്തിവച്ചു.
മത്സരം പുനരാരംഭിച്ചപ്പോൾ നിർഭാഗ്യ റണ്ണൗട്ടിന്റെ രൂപത്തിൽ ഗില്ലിനെ (21) ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ 83/3. സായ് സുദർശനു കൂട്ടായി കരുണ്‍ നായർ എത്തി. രണ്ടു റണ്‍സ് കൂടി ചേർത്തപ്പോഴേക്കും വീണ്ടും മഴ, മത്സരം നിർത്തി.
മഴ മാറി കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യക്കു വീണ്ടും തിരിച്ചടി നേരിട്ടു. പൊരുതി നിന്ന സായ് സുദർശനെ ജോഷ് ടങ് പുറത്താക്കി. 108 പന്തിൽ 38 റണ്‍സ് നേടിയ സായ് സുദർശൻ വിക്കറ്റിനു പിന്നിൽ ജേമി സ്മിത്തിനു ക്യാച്ച് നൽകിയാണ് മടങ്ങിയത്. രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറെൽ (19) എന്നിവർക്കു പ്രതിരോധം തീർക്കാനായില്ല.
ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ 52 റണ്‍സുമായി കരുണ്‍ നായരും 19 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസിൽ.