അനധികൃത ബോര്‍ഡുകള്‍: സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി
Friday, August 1, 2025 3:35 AM IST
കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ചു ലഭിച്ച പരാതികളും തുടര്‍നടപടിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. വിശദാംശങ്ങളില്ലാത്തതിനാല്‍ അതൃപ്തിയറിയിച്ചാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് റിപ്പോര്‍ട്ട് തള്ളിയത്.
കെ-സ്മാര്‍ട്ട് മുഖേന ലഭിച്ച പരാതികളുടെ എണ്ണവും പരിഹരിച്ചവയുടെ എണ്ണവും മാത്രമാണു സര്‍ക്കാര്‍ ഹാജരാക്കിയത്. ഇതു കേവലം ഒരു പട്ടികയാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പരാതികള്‍ എങ്ങനെ തീര്‍പ്പാക്കി, എത്ര കേസുകളെടുത്തു, എത്ര പിഴ ചുമത്തി, ഇതില്‍ എത്ര തുക പിരിഞ്ഞുകിട്ടി തുടങ്ങിയ വിവരങ്ങള്‍ ഇതിലില്ല. ഇതുകൂടി ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി.