കർണാടകയിൽ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Friday, August 1, 2025 4:27 AM IST
ബംഗളൂരു: കർണാടകയിൽ കാണാതായ കൗമാരക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് ബുധനാഴ്ച കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷൻ ക്ലാസിനായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി അരെക്കെരെ 80 ഫീറ്റ് റോഡിൽ നിന്ന് കാണാതാവുകയായിരുന്നു.
രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ.സി. അചിതും ഭാര്യയും പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു.
പിന്നാലെ, അരെക്കെരെ ഫാമിലി പാർക്കിന് സമീപം നിന്ന് നിശ്ചിതിന്റെ സൈക്കിൾ ലഭിച്ചു. കൂടാതെ, മകനെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് മാതാപിതാക്കൾക്ക് ഒരു ഫോൺ കോളും ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയൽ ചെയ്തു. വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.