കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാർ ഇന്നു ഛത്തീസ്ഗഡിലേക്ക്
Friday, August 1, 2025 10:36 AM IST
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ ഇന്നു കോടതിയിൽ നൽകാനിരിക്കെ അഞ്ചംഗ യുഡിഎഫ് എംപി സംഘം ഇന്നു ഛത്തീസ്ഗഡിലേക്ക് പോകും.
ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണു സംഘത്തിലുള്ളത്.
അതേസമയം, റായ്പൂരിലെയും ഡല്‍ഹിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ അടങ്ങുന്ന സംഘം കന്യാസ്ത്രീകള്‍ക്ക് വേണ്ടി സഭാനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നു ഹൈക്കോടതിയിൽ ഹാജരാകും.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ബുധനാഴ്ച ദുര്‍ഗ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞിരുന്നു. ഇതോടെ, മലയാളി കന്യാസ്ത്രീകളുടെ എട്ടു ദിവസം നീണ്ട ജയിൽവാസം ഇന്ന് അവസാനിച്ചേക്കും.