കെഎസ്ആർടിസി ബസിനുനേരേ ആക്രമണം: രണ്ടുപേർ പിടിയിൽ
Friday, August 1, 2025 10:56 AM IST
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. കണ്ടല്ലൂർ കൊച്ചുപറമ്പിൽ വീട്ടിൽ താമസിക്കുന്ന മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ (39), മുതുകുളം തെക്ക് ചിറ്റേഴത്ത് വീട്ടിൽ ശരത്ത് (ആനശരത്ത് -35) എന്നിവരാണ് അറസ്റ്റിലായത്. ചില്ല് ഹെൽമെറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിനുനേരെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കായംകുളം കൊറ്റുകുളങ്ങര ഭാഗത്തുവച്ച് ആക്രമണമുണ്ടായത്. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന സംഘം ഹെൽമെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു.
സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കനകക്കുന്ന് പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്. പിടിയിലായ ആന ശരത്ത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളും ഷാജഹാൻ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണന്നും പോലീസ് പറഞ്ഞു.