കന്യാസ്ത്രീകളുടെ അറസ്റ്റ്: സിബിസിഐ അധ്യക്ഷനുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി
Friday, August 1, 2025 11:43 AM IST
തൃശൂർ: സിബിസിഐ അധ്യക്ഷനും തൃശൂർ അതിരൂപത ആർച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്ത് ചർച്ച നടത്തി.
ഇന്നുരാവിലെ ഒന്പതരയോടെ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ ടോണി നീലങ്കാവിലും അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം ചർച്ച നടത്തി.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച ചെയ്തതിന്റെ വിശദാംശങ്ങളും ജാമ്യാപേക്ഷ സംബന്ധിച്ച കാര്യങ്ങളും രാജീവ് ചന്ദ്രശേഖർ മാർ ആൻഡ്രൂസ് താഴത്തിനോടും സഹായമെത്രാനോടും സംസാരിച്ചു.
തുടർന്ന് ആൻഡ്രൂസ് താഴത്തും രാജീവ് ചന്ദ്രശേഖറും സഭാ ആസ്ഥാനത്തിനു പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ തങ്ങൾക്ക് അതിയായ വേദനയും അമർഷവുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
എല്ലാരാഷ്ട്രീയപാർട്ടിക്കാരോടും തങ്ങൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രാജീവ് ഇക്കാര്യത്തിൽ അടിയന്തിരമായി പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും കിട്ടണം. ഇന്ത്യൻ പൗരൻമാർ എന്ന നിലയിൽ ജീവിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടണം. ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ആർച് ബിഷപ്പ് പറഞ്ഞു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് പേടികൂടാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തപ്പോൾ പിതാവ് വിളിച്ച് സഹായിക്കണമെന്ന് പറഞ്ഞതു മുതൽ ഇന്നുവരെ അതിന്റെ പിന്നാലെയാണെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോടു പറഞ്ഞു. ജാമ്യം കിട്ടുമെന്നും ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ ജാമ്യാപേക്ഷ എതിർക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പുതന്നതായി രാജീവ് പറഞ്ഞു.