യുവഡോക്ടറുടെ പീഡനപരാതി: വേടൻ ഇന്ന് ജാമ്യാപേക്ഷ നല്‍കും, സമഗ്ര അന്വേഷണത്തിന് പോലീസ്
Friday, August 1, 2025 11:47 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്.
യുവതിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചു വരുകയാണ്. ഇയാള്‍ക്ക് പല തവണകളായി 31,000 രൂപ നല്‍കിയതിന്റെ തെളിവുകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനകളും ആരംഭിച്ചു. പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളിലടക്കം തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനും ശേഷം നോട്ടീസ് നല്കി വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന് ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.