ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; കെഎസ്യു നേതാവിനെതിരെ കേസെടുത്ത് പോലീസ്
Friday, August 1, 2025 5:40 PM IST
കോട്ടയം: കെഎസ്യു നേതാവ് മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വാഹനം ഓടിച്ച സിഎംഎസ് കോളജിലെ വിദ്യാർഥിയായ ജൂബിൻ ജേക്കബിനെതിരെയാണ് കേസെടുത്തത്. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരം 5.45 നാണ് സംഭവം. അമിതവേഗത്തില്‍ വിദ്യാര്‍ഥി ഓടിച്ച കാര്‍ ഏഴ് വാഹനങ്ങളിലാണ് ഇടിച്ചത്. കോട്ടയം സിഎംഎസ് കോളജ് ജംഗ്ഷന് മുതല്‍ പനമ്പാലം വരെയുള്ള സ്ഥലങ്ങളിലെ വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
നാല് കിലോമീറ്ററിനിടയിലാണ് ഏഴ് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറിയത്. അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളില്‍ ഇടിച്ചെങ്കിലും ജുബിന്‍ വണ്ടി നിര്‍ത്തിയില്ല. ഇതോടെയാണ് നാട്ടുകാര്‍ പിന്നാലെ കൂടിയത്.
തുടര്‍ന്ന് പനമ്പാലത്ത് റോഡരികിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.