തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
Friday, August 1, 2025 11:36 PM IST
കോഴിക്കോട്: തേങ്ങ പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കൂടരഞ്ഞിയിലാണ് സംഭവം. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ ജോമിഷ് വെട്ടി പരിക്കേൽപ്പിച്ചത്.
സംഘർഷത്തിൽ ജോമിഷിനും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോമിഷ് വെട്ടി പരിക്കേൽപ്പിച്ചത്.
ജോണിയുടെ സഹോദരിയുടെ പറമ്പുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ട്. ഈ പറമ്പിൽ നിന്നു ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ജോണിയുടെ അവിവാഹിതയായ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിക്കുന്നത്.
പറിച്ചുവച്ച തേങ്ങ ഒരുവട്ടം ജോണി കൊണ്ടുപോയിരുന്നു. ബാക്കിയുള്ളത് എടുക്കാൻ എത്തിയപ്പോഴാണ് ജോമിഷ് എത്തി വാക്കു തർക്കമുണ്ടായത്. ജോണിയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കു വെട്ടേറ്റത്.
ജോണിയെയും കുടുംബത്തേയും മുക്കം കെഎംസിടി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നാലെ ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോമിഷ് കെഎംസിടിയിൽ ചികിത്സയിലുണ്ട്. കേസിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.