കന്യാസ്ത്രീകളുടെ ജാമ്യഹർജി; വിധി ഇന്ന്
Saturday, August 2, 2025 6:05 AM IST
ന്യൂഡൽഹി: വ്യാജകുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന വാദമുയർത്തി ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായ അന്നുമുതൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുകയാണ്.
മക്കളെ തട്ടിപ്പിനിരയാക്കിയോ ബലമായോ കന്യാസ്ത്രീകൾ പിടിച്ചുകൊണ്ടുപോയതല്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ടെന്ന് ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് വിധിപറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കുവേണ്ടി കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്കു മോചനം സാധ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കേരള എംപിമാർക്ക് വ്യാഴാഴ്ച ഉറപ്പ് നൽകിയിരുന്നു.