വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ
Saturday, August 2, 2025 8:34 AM IST
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം.
പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറിനാണ് മർദനമേറ്റത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം.
താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ നൗഷാദ് ആണ് മർദിച്ചത്. ഇയാളെ മഞ്ചേരിയിൽ നിന്നും പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മാറ്റി.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്.
ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് അടിച്ചുതന്ന പെറ്റി 500 രൂപയായിരുന്നു. തന്റെ ഫോൺ വാങ്ങിവച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു. കോളറിൽ പിടിച്ചു. മൂന്നുനാലുതവണ അടിച്ചുവെന്നും ജാഫർ പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ കൂട്ടിച്ചേർത്തു.