നടൻ ഷാനവാസിന് വിട നല്കി സിനിമാലോകം; പൊതുദർശനം വസതിയിൽ
Tuesday, August 5, 2025 2:56 PM IST
തിരുവനന്തപുരം: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് വിട നല്കി മലയാള സിനിമ - സീരിയൽ ലോകം. രാവിലെ പത്തരയോടെ തിരുവനന്തപുരം വഴുതയ്ക്കാട് ഉള്ള വസതിയിൽ ആരംഭിച്ച പൊതുദർശനത്തിൽ ചലച്ചിത്ര രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും നിരവധി പേര് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകുന്നേരം അഞ്ചിന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കാരം.
വൃക്ക രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ തിങ്കളാഴ്ച രാത്രിയായിരുന്നു നടൻ ഷാനവാസിന്റെ അന്ത്യം. മലയാളത്തിലും തമിഴിലുമായി അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഷാനവാസ് സീരിയലുകളിലും സജീവമായിരുന്നു.
മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത പ്രേമഗീതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമ രംഗത്തേക്ക് കടന്നത്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മഴനിലാവ്, മണിയറ, ചിത്രം, നീലഗിരി, സക്കറിയയുടെ ഗര്‍ഭിണികള്‍, ജനഗണമന എന്നീ ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.