ഇ20 ഇന്ധനം: പഴയ വാഹന ഉടമകൾ ആശങ്കയിൽ
Tuesday, August 5, 2025 4:20 PM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി എത്തനോൾ മിശ്രിത ഇന്ധനം പുറത്തിങ്ങുന്നതിൽ ആശങ്ക വർധിച്ച് പഴയ വാഹന ഉടമകൾ. 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർന്നതാണ് പുതിയ ഇന്ധന മിശ്രിതം. പഴയ വാഹനങ്ങളിൽ ഉയർന്ന എത്തനോൾ അളവ് ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായാണ് എത്തനോൾ മിശ്രിത ഇന്ധനം വ്യാപിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗം വാഹന നിർമാതാക്കളും ഇ20 ഇന്ധനം ഉപയോഗിക്കുന്നതിന് പര്യാപതമാകുംവിധമാണ് തങ്ങളുടെ കാറുകളും ഇരുചക്രവാഹനങ്ങളും നിലവിൽ ഇറക്കുന്നത്.
ഇ20 ഇന്ധനത്തിലേക്ക് മാറുന്നതോടെ പഴയ വാഹനങ്ങൾക്ക് ഇന്ധനക്ഷമതയിൽ കാര്യമായ വെല്ലുവിളി നേരിടുമെന്നാണ് കരുതുന്നത്. ഉയർന്ന എത്തനോൾ മർദം കൈകാര്യം ചെയ്യാൻ ഒപ്റ്റിമൈസ്ഡ് ചെയ്യാത്ത ഇ10 കാലിബ്രേറ്റഡ് എൻജിനുകൾക്കോ അതിന് മുമ്പുള്ളതോ ആയ കാറുകളിലാണ് മൈലേജ് പ്രശ്നം കൂടുതലും ഉണ്ടാകാൻ സാധ്യത.
കൂടാതെ എൻജിൻ പെർഫോമൻസ്, കോൾഡ് സ്റ്റാർട്ട്, എൻജിൻ നോക്കിംഗ് തുടങ്ങിയ പ്രശ്നങ്ങളും ഇ20 ഇന്ധനത്തിലൂടെ പഴയ വാഹനങ്ങൾക്ക് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.