യുഎസ് തീരുവ ഭീഷണിയിൽ ഇന്ത്യയെ പിന്തുണച്ച് റഷ്യ
Tuesday, August 5, 2025 5:20 PM IST
മോസ്കോ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവ ഉയർത്തൽ ഭീഷണി മുഴക്കുന്നത് നിയമവിരുദ്ധമായ വ്യാപാര സമ്മർദമെന്ന് റഷ്യ. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കുന്ന ശ്രമങ്ങളും ഭീഷണികളും നിയമപരമാണെന്ന് കരുതുന്നില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടേതായ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഉക്രെയ്നുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മോസ്കോ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റഷ്യയ്ക്കും അവരുടെ ഊർജ കയറ്റുമതി വാങ്ങുന്ന രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ യുദ്ധത്തെക്കുറിച്ചുള്ള നിലപാടിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരു മാറ്റവും വരുത്തിയില്ല. ട്രംപിന്റെ തീരുവ ഭീഷണികളെ "ന്യായീകരിക്കാനാവാത്തത്’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുക്കുകയും ചെയ്തു.