ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സുഖിയിൽ മലമുകളിൽ നിന്ന് കുത്തിയൊലിച്ച് കല്ലും മണ്ണും
Tuesday, August 5, 2025 5:52 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.
മലമുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാൽ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയിൽ വന്ന് പതിക്കുകയായിരുന്നു. ഇതോടെ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അധികൃതർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഉത്തരകാശിയിലെ ധരാലിയിലാണ് ആദ്യം മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് മിന്നൽ പ്രളയത്തിനാണ് ധരാലി പ്രദേശം സാക്ഷ്യം വഹിച്ചത്.
നാലുപേര്‍ മരിച്ചതായാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. 60 ലധികം പേരെ കാണാതായെന്നാണ് പ്രാഥമിക നിഗമനം.