ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നു; കെ.കെ. ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നു: വി.ഡി. സതീശൻ
Tuesday, August 5, 2025 6:22 PM IST
തിരുവനന്തപുരം: സി. സദാനന്ദന്റെ കാലുകൾ വെട്ടിയ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് പോകും മുൻപ് യാത്രയയപ്പ് നൽകിയ സംഭവത്തിൽ സിപിഎമ്മിനും കെ.കെ. ഷൈലജയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നുന്നുവെന്നും. സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കെ.കെ. ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. വളർന്നുവരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുന്നത്. ജയിലിൽ സുഖവാസമാണ്. ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് അവരാണ്. ലേറ്റസ്റ്റ് ഫോണുകളാണ് തടവുപുള്ളികൾ ഉപയോഗിക്കുന്നത്. അവർക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം സിപിഎം ചെയ്തുകൊടുക്കുന്നു.ടിപി കേസിലെ പ്രതികൾക്ക് എസിയുടെ കുറവ് മാത്രമാണുള്ളതെന്നും സതീശൻ പരിഹസിച്ചു.
വേണ്ടപ്പെട്ട ആളുകൾ കൈവെട്ടി എടുത്താലും തലവെട്ടി എടുത്താലും അവരുടെ കൂടെയാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അവരുടെ പാർട്ടി എന്താണെന്നാണ് ഇപ്പോൾ തെളിഞ്ഞത്. അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കെ.കെ. ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു.